കൊച്ചിയിലെ ജൂത സമൂഹത്തിന്റെ ഓര്‍മകള്‍ ഇന്നും ബാക്കിയാണ്. 825 വര്‍ഷം പഴക്കമുള്ള, എറണാകുളം ബ്രോഡ്വേ മാര്‍ക്കറ്റിനുള്ളിലെ സിനഗോഗ് ഇന്നും പ്രൗഢിയോടെ സംരക്ഷിക്കുകയാണ് കൊച്ചിയിലെ ജൂത സമൂഹത്തിലെ അംഗമായ ഏലിയാസ് ജോസഫ്. കൊച്ചിയിലെ ഏഴു സിനഗോഗുകളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാത്ത ഒന്നാണ് എറണാകുളം മാര്‍ക്കറ്റിലെ ജ്യൂ സ്ട്രീറ്റിലെ ഈ പള്ളി.
1972ലാണ് ഈ സിനഗോഗ് അടച്ചുപൂട്ടിയത്. 1977ല്‍ ഇത് നശിപ്പിക്കപ്പെട്ടു. അതിന് ശേഷമാണ് ഏലിയാസ് ജോസഫ് ഇത് ഏറ്റെടുക്കുന്നത്. ലോകത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും തുടങ്ങി എല്ലാ മതവിഭാഗങ്ങളും ചേര്‍ന്ന് പുതുക്കി പണിത ഒരേയൊരു സിനഗോഗ് ഇത് മാത്രമായിരിക്കും എന്നാണ് സിനഗോഗിനെ കുറിച്ച് ഏലിയാസ് ജോസഫ് ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചത്.
2003ല്‍ ആരംഭിച്ച പുനരുദ്ധാരണ നടപടികള്‍ വര്‍ഷങ്ങളോളം തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മുഴുവനായും പൂര്‍ത്തിയായത്. മുന്നിലൊരു പൂന്തോട്ടം, ചെടികള്‍ വില്‍പ്പനയ്ക്കുണ്ട്. അകത്തേക്ക് പ്രവേശിക്കുംതോറും കൗതുകം വര്‍ധിക്കും.
ആദ്യം കണ്ണില്‍പ്പെടുക അക്വേറിയങ്ങളും അതില്‍ പല വര്‍ണങ്ങളിലും രൂപത്തിലുമായി കാണുന്ന അലങ്കാര മത്സ്യങ്ങളാണ്. ഒന്നുകൂടി ഉള്ളിലേക്ക് ചെല്ലുമ്പോള്‍ കാഴ്ചയുടെ മറ്റൊരു വിസ്മയമാണ്. വര്‍ണാഭമായ സിനഗോഗിന്റെ ഉള്‍വശം.
സിനഗോഗിന്റെ ഒരു ഭാഗം ഹിസ്റ്ററി മ്യൂസിയം ആക്കി മാറ്റണമെന്നാണ് ഏലിയാസിന്റെ ആഗ്രഹം. ഞാന്‍ ഒറ്റയ്ക്കാണ് ഇവിടെ പ്രാര്‍ഥന നടത്തുന്നത്. വേറെ ആരും വരാറില്ല. ഇസ്രായേല്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നൊക്കെയുള്ള ആളുകള്‍ കാണാന്‍ വരാറുണ്ട്.
ഞാന്‍ ഇരിക്കുന്ന ഈ മുറി 1948 വരെ ഹീബ്രൂ മീഡിയം സ്കൂള്‍ ആയിരുന്നു. ഇത് ഹിസ്റ്ററി മ്യൂസിയം ആക്കണമെന്നാണ് എന്റെ ആഗ്രഹം. ബംഗളൂരുവിലുള്ള ഒരാള്‍ രണ്ടു വിളക്കുകള്‍ ഇവിടെ സ്പോണ്സര് ചെയ്യുന്നുണ്ട്. പൊട്ടിപ്പോയ ഷാന്‍ഡ്ലിയര്‍ മാറ്റി പുതിയത് തരും. പഴയത് ഇവിടെ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിക്കും.
1200ല്‍ എറണാകുളം കൂടുതലും തോടുകള്‍ ആയിരുന്നു. അന്ന് റോഡുകളില്ല, തോടുകള്‍ മാത്രമായിരുന്നു, അതാണ് ഗതാഗതത്തിനും ഉപയോഗിച്ചിരുന്നത്. ഇവിടെ വികസനം കൊണ്ടുവന്നത് ജൂതന്മാരാണ്.
ഈ ബ്രോഡ്വേ മാര്‍ക്കറ്റ് പോലും ഞങ്ങളുടേതാണ്. ഇത് പള്ളിയുടെ മാര്‍ക്കറ്റ് ആണ്. പക്ഷെ ആരും ഇതൊന്നും ഓര്‍ക്കുന്നത് പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. മാര്‍ക്കറ്റില്‍ ഇപ്പോഴും കോഡ് ഭാഷയായി ഹീബ്രൂ ഭാഷ ഉപയോഗിക്കുന്നുണ്ട്. ഇത് കടവുംഭാഗ പള്ളിയാണ്. അപ്പുറത്ത് തെക്കുംഭാഗം പള്ളിയുണ്ട്. മുസിരിസില്‍ തകര്‍ത്ത പള്ളിയുടെ പകര്‍പ്പാണ് ഇവിടെ പണിതത്.
സിനഗോഗ് ഇപ്പോഴും ഇങ്ങനെ സൂക്ഷിക്കുന്നത് എന്റെ പ്രയത്നം കൊണ്ട് മാത്രമല്ല, പലരും ഇതിന്റെ പുരുദ്ധാരണത്തിനായി സഹായിച്ചിട്ടുണ്ട്. പ്രാര്‍ഥിച്ചപ്പോള്‍ തമ്പുരാന് മനുഷ്യരൂപത്തില്‍ വന്നതാണ്. അതില്‍ ഇവിടെയുള്ളവരും പുറത്തു നിന്നുള്ളവരുമുണ്ട്. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കില്ല.
ഇവിടെ കാണാനായി ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രവേശന തുകയൊന്നും വാങ്ങുന്നില്ല. ആഗ്രഹമുള്ള ആളുകള്‍ വന്നാല്‍ മാത്രമാണ് പള്ളി തുറന്നു കാണിച്ചു കൊടുക്കുന്നത്. പള്ളി കാണണമെന്ന് പറഞ്ഞ് അധികാരഭാവത്തില്‍ വന്നാല്‍ ഞാന്‍ ഓടിച്ചുവിടും - എന്നാണ് ഏലിയാസ് ജോസഫിന്റെ വാക്കുകള്‍.
താന്‍ മരിക്കുന്നതിന് മുമ്പ് സിനഗോഗ് വിശ്വസ്തനായ മറ്റൊരാളെ ഏല്‍പ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഏലിയാസ് വ്യക്തമാക്കി. ഞാന്‍ ചിരഞ്ജീവിയൊന്നുമല്ല, ഒരു ദിവസം മണ്ണിലേക്ക് പോകും. അതിന് മുമ്പ് ഇത് മറ്റൊരാളെ ഏല്‍പ്പിക്കണമെന്ന് ആഗ്രഹമുണ്ട്.
എന്റെ മക്കള്‍ക്ക് അതില്‍ താത്പര്യമില്ല. എനിക്ക് ഈ പള്ളിയോടുള്ള വൈകാരികത എന്റെ മക്കള്‍ക്കോ അനിയന്മാര്ക്കോ ഇല്ല. ഇത് നടത്തിക്കൊണ്ടു പോകാന്‍ പ്രാപ്തിയുള്ള ആരെങ്കിലും വരും. തമ്പുരാന് ആരെയെങ്കിലും കൊണ്ടുവരും എന്നാണ് പ്രതീക്ഷ.
ഞാന്‍ ഇസ്രായേലിലേക്ക് തിരിച്ചു പോകില്ല. അവിടെ പോയിട്ട് എന്ത് ചെയ്യാനാണ്. എന്റെ മക്കള്‍ ഇസ്രായേലില്‍ നിന്നും അമേരിക്കയ്ക്ക് പോയി. ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെ തന്നെയാണ്. അതിനിടെയില്‍ മുംബെെയില്‍ പഠിക്കാന്‍ പോയ മൂന്നു വര്‍ഷം മാത്രമാണ് ഞാന്‍ ഇവിടെ ഇല്ലാതിരുന്നത്.
ഞാന്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുമെന്ന് നേരത്തെ അറിയാമായിരുന്നു. കാരണം ഇവിടെ നമ്മുടെ ജൂതസമൂഹമില്ല. 40 വര്‍ഷമായി അക്വേറിയവും ചെടികളും നാലു ജോലിക്കാരുമായി ഇവിടെ ഇങ്ങനെ നടത്തിക്കൊണ്ടു പോവുന്നു - എന്ന് ജോസഫ് ഏലിയാസ് വ്യക്തമാക്കി.